കുറ്റൂർ കാരനായ അറബ് പൌരന്‍

നമ്മുടെ നാട്ടിലെ പ്രവാസികളിൽ അറബ് പൗരത്വം കരസ്ഥമാക്കിയ കുടുംബമാണ് അരീക്കൻ മുഹമ്മദാജിയുടേത്. ഇദേഹം എം എം .മലബാരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇവരുടെ കുടുംബവീട് കാട്ടിൽ തൊടുവിലായിരുന്നു. മുട്ടുംപുറത്തിന്റെയും കടപ്പൻ ചാലിന്റെയും ഇടക്കായിരുന്നു ഈ സ്ഥലം. പിതാവിന്റെ പേര് മൊയ്തീൻ . ഇദേഹം മലബാർ കലാപകാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. സേലം സെൻട്രൽ ജയിലിൽ ഇദേഹത്തിന് രണ്ട് ആണും ഒരു പെണ്ണുമായിരുന്നു മക്കളായുണ്ടായിരുന്നത് . പെൺകുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.

മുഹമ്മദ് ഹാജിയുടെ ജേഷ്ട സഹോദരനാണ് മമ്മൂട്ടി ഹാജി. ഇവർ കുടുംബ സമേതം നമ്മുടെ നാട്ടിൽ നിന്ന് വയനാട്ടിലെ മീനങ്ങാടിയിലേക്ക് താമസം മാറ്റി. അവിടെ നിന്നാണ് ഗൾഫിലേക്ക് പോയത്. അക്കാലത്ത് നമ്മുടെ നാട്ടിൽ നിന്ന് ആരും ജോലി ആവശ്യാർത്ഥം ഗൾഫിലെത്തിയിരുന്നില്ല. ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ച നാട്ടുകാർ വരെ വളരെ അപൂർവ്വമായിരുന്നു. അക്കാലത്ത് ഹജജിന് പോയ നാട്ടുകാരെ പരിചരിക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യമാണ് കാണിച്ചത്. ഇദേഹത്തിന്റെ പിതാവ് മൊയ്തീൻ ഗൾഫിൽ വെച്ചാൺ മരിച്ചത്.

പിന്നീട് ജേഷ്ട സഹോദരൻ മമ്മൂട്ടി ഹാജിയോടൊത്ത് വിപുലമായ ബിസിനസ് സാമ്രാജ്യങ്ങൾ മുഹമ്മദാജി വളർത്തിയെടുത്തു - പിന്നീട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ കുട്ട്യാലി ഹാജിയോടൊപ്പം വേങ്ങര ഇസ്മത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഈ വേള ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്താനും പഴയ നാട്ടു സൗഹ്യദങ്ങളെ തേടിപ്പിടിക്കാനുമാണ് ഇദേഹം ചെലവഴിച്ചത് - അദേഹത്തിന്റെ കൂടെ സൗദിയിലുണ്ടായിരുന്ന പാലാടൻ മുഹമ്മദാജിയാണ് ഈ പുന:സമാഗമത്തിന് വഴിയൊരുക്കിയത്.

തിരൂരങ്ങാടി, പരപ്പനങ്ങാടി, മഞ്ചേരി ,പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മുഹമ്മദാജി വിവാഹം കഴിച്ചു . പാവങ്ങളെ സഹായിക്കുന്നതിലും നാട്ടിലെ പൊതു കാര്യങ്ങളിലും ഇദേഹം ഏറെ തൽപ്പരനായിരുന്നു .തിരൂരങ്ങാടി, ചേറൂർ യതീംഖാനകൾക്ക് ഏറെ ധന സഹായങ്ങൾ നൽകി . ചെമ്മാട് സലഫി മസ്ജിദ് മുഹമ്മദാജി നിർമ്മിച്ച് നൽകിയതാണ്. അതുപോലെ മഞ്ചേരി ,നിലമ്പൂർ, മലപ്പുറം, പരപ്പനങ്ങാടി, പാലക്കാട്, തുടങ്ങിയ പ്രദേശങ്ങളിലും ഇദേഹം പള്ളികൾ നിർമിച്ച് കൊടുത്തിട്ടുണ്ട്. അതുപോലെ നമ്മുടെ ഊക്കത്ത് ജുമാ മസ്ജിദിനും ഇദേഹത്തിന്റെ ഉദാരമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾക്കും നാട്ടുകാർക്കും ഗൾഫ് നാടുകളിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മുഹമ്മദാജി വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ കുറ്റൂർ കാരുടെ പ്രവാസ ജീവിതത്തിൽ അരീക്കൻ മുഹമ്മദാജി എന്ന എം.എം.മലബാരിക്ക് നിർണ്ണായക സ്ഥാനമാണുള്ളത്

Back to Home