കുടുമ്പത്തിന്റെ അടിവേരുകൾ തേടി ഒരു യാത്ര

പോയത്‌ പഴയ തലമുറയിലെ പ്രായം ചെന്ന പോക്കാദിയമ്മായുടെ അടുത്തേക്ക്‌. നീറാട്ട്‌ മകളുടെ വീട്ടിൽ വിശ്രമത്തിയാണ്‌ അമ്മായി. ഈ യാത്ര വിഫലമായില്ല.പല നിർണ്ണായക വിവരങ്ങളും കിട്ടി.

പ്രധാനപ്പെട്ടത്‌ ഇത്‌ വരെ എല്ലാവരും ധരിച്ചിരുന്നത്‌ കുറ്റൂരിലുള്ള ഉപ്പാപ്പമാരിൽ മൂത്തയാൾ ബീരാൻ മൂത്താപ്പയായിരുന്നു എന്നായിരുന്നു. എന്നാൽ, ഇരു കണ്ണുകളും കാണാതെ തപ്പിത്തടഞ്ഞ്‌ ഞങ്ങൾക്ക്‌ മുമ്പിലെത്തിയ അമ്മായി ഓർമ്മയുടെ ചെപ്പ്‌ തുറന്നപ്പോൾ ആ ധാരണ തിരിത്തിക്കുറിക്കേണ്ടി വന്നു. ഒരു പല്ല് മാത്രം അവശേഷിച്ചത്‌ പുറത്ത്‌ കാണിച്ച്‌ അമ്മായി നിഷ്കളങ്കമായി ചിരിച്ചപ്പോൾ അത്‌ മൊയ്തു എളാപ്പയെ ഓർമ്മിപ്പിച്ചു.

പേരമകൻ മുഹമ്മദ്കുട്ടി കാക്ക ഞങ്ങളോരോരുത്തരേയും പരിചയപ്പെടുത്തിത്തുടങ്ങി.ഇത് കുട്ട്യാലി ഹാജിയുടെ മോൻ ബാപ്പു, ഇത് ആണി കാക്കയുടെ പേരക്കുട്ടി സമീർ , ഇത് കിണറ്റിങ്ങലെ കക്കാട്ത്തെ അബ്ദുറഹ്മാന്റെ മകൻ ജലീൽ.

എല്ലാം കേട്ടപ്പോൾ കാലം ചുളിവ്‌ വീഴ്ത്തിയ ആ മുഖത്ത് പ്രകാശം പരന്നത് പോലെ !ആരുംഅന്യരല്ല...സ്വന്തക്കാർ തന്നെയാണല്ലോ എന്നതിന്റെ സന്തോഷം .ഞങ്ങളോരോരുത്തരും അമ്മായിയുടെ കൈപിടിച്ച് സാന്നിദ്ധ്യം ഉറപ്പ്‌ വരുത്തി.പരിചയപ്പെടുത്തലിന് ശേഷം അമ്മായി പറഞ്ഞ്‌തുടങ്ങി....

'അവർ ( ആണുങ്ങൾ )ഏഴു പേരായിരുന്നു'. അതായത് അമ്മായിയുടെ ഉപ്പ ബീരാൻ മൂത്താപ്പയും സഹോദരങളുമായി. ഇത് കേട്ടപ്പോൾ ഞങ്ങൾ പരസ്പരം മുഖത്ത് നോക്കി. ബീരാൻ മൂത്താപ്പാക്ക്‌ മേലെ ജേഷ്ഠൻമാരുണ്ടായിരുന്നില്ലേ എന്ന സംശയം അസ്ഥാനത്തല്ലെന്ന് ബോധ്യമായി. നിലവിൽ കുറ്റൂരിലുള്ള ഒരു കാരണവർക്കും ഉത്തരം നൽകാൻ സാധിക്കാത്തിരുന്ന ആ ചോദ്യത്തിനും അങ്ങനെ ഉത്തരമായി.

ബീരാൻ മൂത്താപ്പയേയും മറ്റു നാല് അനിയമാരേയും കുറിച്ച് ആദ്യമേ വിവരമുണ്ട്. ബീരാൻ, കുട്ട്യാലി, ഹസ്സൻ , മൂസ, കുഞ്ഞിമൊയ്തീൻ എന്നവരായിരുന്നു അവർ. 'ബാക്കി രണ്ട് പേർ, ബീരാൻ മുത്താപ്പാക്ക് മേലെയുള്ളവർ ,അതാരാ?' ഞങ്ങളുടെ ചോദ്യത്തിന് ഒരു ത പ്പിത്തടയലുമില്ലാതെ ഉടൻ തന്നെ മറുപടി വന്നു: "ഇരിങ്ങളൊത്തൂരിലെ മമ്മദ്, കാട്ടുത്തൊടു വിലെ മമ്മുട്ടി" ഞങ്ങൾ നെടുവീർപ്പിട്ടു. അമ്മായി തുടർന്നു; "കാട്ടു തൊടുവിൽ നിന്ന് ഒരാൾ മക്കത്തേക്കും ഒരാൾ കറാച്ചിയിലേക്കും പോയി".

മക്കയിലേക്ക് പോയ മൊയ്തീൻ സൗദി പൗരത്വമുണ്ടായിരുന്ന മുഹമ്മദ് മലബാരി യുടേയും മമ്മുട്ടി ഹാജിയുടേയും പിതാവായിരുന്നു എന്നും മലബാരി കാട്ടുത്തൊട് വിൽ താമസിച്ചിരുന്ന മമ്മുട്ടി ഉപ്പാപ്പയുടെ പേരക്കുട്ടിയാണെന്നും അങ്ങനെ ബോധ്യമായി. പിന്നീട് ഞങ്ങളുടെ ചേദ്യം ഈ ഏഴ് പേരുടെയും മാതാപിതാക്കളെ കുറിച്ചായി. മൊയ്തീൻ ആമി ദമ്പതികളുടെ മക്കളായിരുന്നു ഈ ഏഴുപേരെന്നും അവരെ കണ്ടിട്ടില്ലെന്നും അമ്മായി പറഞ്ഞു. അറിഞ്ഞതിൽ ഏറ്റവും അറ്റത്തുള്ള പിതാമഹനായ മൊയ്തീൻ എന്നവർക്ക് ജ്യേഷ്ഠാനുജൻ മാർ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് " അതിച്ചറീല " എന്നായിരുന്നു അമ്മായിയുടെ മറുപടി.

അമ്മായിയിൽ നിന്ന് ലഭിച്ച മറ്റു വിവരങ്ങൾ: അമ്മായിയുടെ ഉമ്മയടക്കം ബീരാൻ മുത്താപ്പാക്ക് മൊത്തം ഏഴ് ഭാര്യമാരുണ്ടായിരുന്നു. ( പേരക്കുട്ടികൾ ഇതനുകരിച്ച് കുടുംബ കലഹം ഉണ്ടാക്കല്ലേ .. �) ആദ്യ ഭാര്യയെ ഒഴിവാക്കുമ്പോഴോ മരിക്കുമ്പോഴോ ആയിരുന്നു അടുത്തതിനെ കപ്പല്യാണം കഴിച്ചിരുന്നത്. രണ്ടെണ്ണത്തിൽ മക്കളൊന്നുമുണ്ടായിരുന്നില്ല. രണ്ടെണ്ണത്തിൽ ഓരോ മക്കൾ വീതം മാത്രമുണ്ടായി. ഒന്നിൽ തായ്മക്കുട്ടി അമ്മായിയും മറ്റൊന്നിൽ ചിമ്പിരി എളാപ്പയും മാത്രം. ഏറ്റവും മൂത്ത മകൻ അബ്ദുള്ള മാഷിന്റെ ഉപ്പ മൊയ്തീൻ എന്നവർ. അവരുടെ ഉമ്മയിലുള്ളത് തന്നെയാണ് അബ്ദുള്ള കട്ടി എളാപ്പ ( ബീരാൻ ഹാജിയുടെ ഉപ്പ ) ആ ഉമ്മ യിലെ എട്ടോളം കുട്ടികൾ ചെറുപ്രായത്തിലേ മരിച്ചു. അമ്മായിയുടെ ഉമ്മയിലുള്ള അഞ്ചോളം കുട്ടികളും മരണപ്പെട്ടിരുന്നു. ഏറ്റവുമധികം കുട്ടികളുണ്ടായത് ആദ്യഭാര്യയിലും അവസാന ഭാര്യ ' മാമ ' യിലും. ബീരാൻ മൂത്താപ്പ മരിക്കുമ്പോൾ 15 മക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു.

മറ്റു വസ്തുതകൾ :

ഇന്ന് കുറ്റൂരിൽ പരന്ന് കിടക്കുന്ന 80തോളം വീടുകളിലുള്ളവരെല്ലാം മൊയ്തീൻ എന്ന പിതാമഹന്റെ നാല് മക്കളായ ബീരാൻ, കുട്ട്യാലി, ഹസ്സൻ, കുഞ്ഞിമൊയ്തീൻ എന്നിവരുടെ സന്താന പരമ്പയിൽ പെട്ടവരാണ്. മൊയ്തീൻ എന്നവരുടെ മറ്റൊരു മകനായ മൂസ്സ എന്നവരുടെ മക്കളും പേരമക്കളുമെല്ലാം താമരശ്ശേരിയിലാണുള്ളത്. കാട്ടുത്തൊടു വിലേക്ക് പോയ മമ്മുട്ടി ഉപ്പാപ്പയുടെ സന്താന പരമ്പര വിദേശത്താണുള്ളത് .

ഇനി അറിയേണ്ടവ:

മൊയ്തീൻ ഉപ്പാപ്പാക്ക്‌ ജ്യേഷ്ടാനുജൻമാർ ഉണ്ടായിരുന്നോ? മൊയ്തീൻ എന്നവർ എവിടെ നിന്ന് വന്നു? തറവാട് വീട് എവിടെയായിരുന്നു?.ഇളയമകനായ കഞ്ഞളാപ്പയുടെ വീടായിരുന്നോ തറവാട്? മമ്മദുപ്പാപ്പയാണോ മമ്മുട്ടി പ്പാപ്പായാണോ വയസ്സിൽ മൂത്തത്? മൊയ്തീൻ എന്നവരുടെ പിതാവ് ആരായിരുന്നു? എന്തായിരുന്നു പേര്? മമ്മദ് ഷാപ്പയുടെ മക്കൾ ആരൊക്കെ? ഇവക്ക് കിട്ടുന്ന ഉത്തരം ഒരു പക്ഷെ എടക്കാ പറമ്പിലേക്കും ചെറളയിലേക്കും പാക്കടപ്പുറായിലേക്കം ചെറമംഗലത്തേക്കും നീണ്ടേക്കാം. അറിയാൻ ഇനിയുമൊരുപാ ടുണ്ട്. അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല ....

✍🏻അബ്ദുൽ ജലീൽ അരീക്കൻ

Back to Home